ഇരിട്ടി: ആറളം പഞ്ചായത്തിലെ ബീക്കൺ ടൗണായ എടൂർ ബേസ് ലൈൻ സർവേക്ക് തുടക്കമായി. ജില്ലയിലെ തദ്ദേശ സ്ഥപനങ്ങൾക്ക് കീഴിലെ ഒരു ടൗണിനെ വൃത്തിയും ഭംഗിയുമുള്ള മാതൃക ടൗണുകളായി മാറ്റുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു.
എടൂർ ടൗൺ മുതൽ 500 മീറ്റർ ചുറ്റളവിലുള്ള പ്രദേശമാണ് ആദ്യ ഘട്ടത്തിൽ പദ്ധതിക്കായി തെരഞ്ഞെടുത്തത്. നിലവിലെ ശുചിത്വ നിലവാരം അളക്കുന്നതിനായി പദ്ധതി പ്രദേശത്ത് ബേസ് ലൈൻ സർവേ നടപടികൾ ആരംഭിച്ചു. മാലിന്യം വലിച്ചെറിയുന്നതും ദുർഗന്ധമുളളതുമായ സ്ഥലങ്ങൾ കണ്ടെത്തി ശുചീകരിക്കൽ, പൊതു ശുചിമുറികൾ ശുചീകരിക്കൽ, മാലിന്യ ശേഖരണവും സംസകരണവും ശക്തിപ്പെടുത്തൽ, അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പിലാക്കും.
എടൂർ ടൗണിൽ നടന്ന ബേസ് ലൈൻ സർവേയിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ രജിത മാവില, ജോർജ് ആലാംപള്ളി, റെയ്ഹാനത്ത് സുബി, പഞ്ചായത്തംഗങ്ങളായ റോസമ്മ മാത്യു, സുമ ദിനേശൻ, വസന്ത മോഹനൻ, എ.കെ. സുജാത, ഷിഹാബുദ്ദിൻ, സെക്രട്ടറി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കണിച്ചാർ: ജില്ലയിലെ ടൗണുകളെ ശുചിത്വമുള്ളതും മനോഹരവുമാക്കി മാറ്റുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ബീക്കൺ’ പദ്ധതിക്ക് കണിച്ചാറിൽ തുടക്കമായി. തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കണിച്ചാർ പഞ്ചായത്തിൽ വിവരശേഖരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യ പോൾ, വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലത, മറ്റ് ജനപ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ പ്രവർത്തകർ, വ്യാപാരികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുത്തു.
ചെറുപുഴ: ചെറുപുഴ ഗ്രാമപഞ്ചായത്ത് ബീക്കൺ ടൗൺ പദ്ധതി തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലീന വില്യം, ലളിതാ ബാബു, കെ.ഡി. പ്രവീൺ, ബ്ലോക്ക് പഞ്ചായത്തംഗം രേഷ്മ വി. രാജു എന്നിവർ പ്രസംഗിച്ചു. ജില്ലാ റിസോഴ്സ്പേഴ്സൺ കെ.എം. സോമൻ പദ്ധതി വിശദീകരിച്ചു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച നടത്തി. തുടർന്ന് ടൗണിൽ സർവേ നടത്തി. വ്യാപാരികളുടെയും സന്നദ്ധ സംഘടനകളുടെയും യോഗം ചേരാൻ തീരുമാനിച്ചു.
12ന് കാക്കയംചാൽ മുതൽ മേലെ ബസാറിലെ കുരിശുപള്ളി വരെയുള്ള ഭാഗങ്ങൾ ബഹുജന പങ്കാളിത്തത്തോടെ ശുചീകരിക്കുകയും സൗന്ദര്യവത്കരിക്കുകയും ചെയ്യും. ഒക്ടോബർ രണ്ടിന് പദ്ധതി പൂർത്തീകരിക്കും.